തുർത്തുക്ക് ഒരു വിസ്മയ ഗ്രാമം
തുർത്തുക്ക് വെറും ഒരൊറ്റ ദിവസത്തെ പരിചയം മാത്രമേ എനിക്ക് ആ ഗ്രാമവുമായിട്ടുള്ളൂ. ചെറുപ്പത്തിൽ എന്നോ വായിച്ചു മനസ്സിൽ മായാത്ത ഓർമയായി നില നിൽക്കുന്ന "ബെന്നി സ്വന്തം കാലിൽ" എന്ന നോവലിലെ റഷ്യൻ ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന ഒരു കൊച്ചു ഗ്രാമം. വിവരണാതീതമായ ആ ഭംഗി അത് നേരിൽ അനുഭവിച്ചറിയേണ്ട ഒന്നാണ്. കാശ്മീർ-ലേ യാത്രയുടെ ഭാഗമായിട്ടാണ് ഞാനും സുഹൃത്തുക്കളായ അഫ്സലും, അസീസും തുർത്തുക്ക് സന്ദർശിക്കാൻ പദ്ധതി തയ്യാറാക്കിയത്. 1971 ലെ യുദ്ധത്തിൽ പാകിസ്ഥാനിൽ നിന്നും ഇന്ത്യ തിരിച്ചു പിടിച്ച നാല് ഗ്രാമങ്ങളാണ് ത്യാക്ഷി, ചലുൻഗ, ദോതാങ്, തുർത്തുക്ക് എന്നിവ. 2009 നു ശേഷം മാത്രമാണ് ബാൾട്ടിസ്ഥാൻ പ്രവിശ്യയുടെ ഭാഗമായ ഈ ഗ്രാമത്തിലേക്ക് സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങിയത്. കാശ്മീരിലെ പൈൻ മരങ്ങൾ മരതക പച്ചയണിയിച്ച മലനിരകളും, ലഡാഖിലെ നഗ്ന മലനിരകളും, ലോകത്തിലെ ഏറ്റവും ഉയരം (18380 അടി ) കൂടിയ യാത്രാ യോഗ്യമായ പാതയായ കാർദുങ്-ലാ പാസിലെ മഞ്ഞും, നുബ്രയിലെ ശീത മരുഭൂമിയും കണ്ടാസ്വദിച്ചാണ് ഷയോക് നദിയുടെ ഓരം പറ്റി മയങ്ങി കിടക്കുന്ന തുർത്തുക്കിൽ ഞങ്ങൾ എത്തി ചേർന്നത്. വായിച്ചറിഞ്ഞതിനേക്കാൾ സുന്ദരമായ ഒരു ലോകം, അതെ! അങ്ങിനെ വിശേഷിപ്പിക്കാനാണു എനിക്കിഷ്ടം.
തുർത്തുക്കിൽ ആദ്യമായി സന്ദർശകർക്കായി തുറക്കപെട്ട ഗസ്റ്റ് ഹൗസുകളിലൊന്നായ മഹാ ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസം. ജൈവ കൃഷിയിൽ തല്പരനായ "സുലൈമാൻ" ആണ് ഹോം സ്റ്റേ നടത്തുന്നത്. കേരളത്തിൽ നിന്നാണ് വരുന്നത് എന്ന് പറഞ്ഞപ്പോൾ അങ്ങേർക്കു ആവേശമായി. തെക്കേ ഇന്ത്യയിൽ മുൻപ് വന്നതിനെക്കുറിച്ചും, തുർത്തുക്കിന്റെ കഥകളും, കാണേണ്ട സ്ഥലങ്ങളും ഒക്കെ വിശദമായി പറഞ്ഞു തന്നു. 1971 യുദ്ധത്തിന് ശേഷം കുടുംബം രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെട്ട ഒരു പാട് ആളുകൾ അവിടെ ഉണ്ടെന്നും പാകിസ്ഥാനിലുള്ള സ്വന്തം പെങ്ങളെ അവസാനമായി കണ്ടത് പത്തു വർഷങ്ങൾക്കു മുൻപ് സൗദിയിൽ വെച്ചാണെന്നും പറഞ്ഞപ്പോൾ വിഭജനം സൃഷ്ടിക്കുന്ന മുറിപ്പാടുകൾ ചെറുതല്ലെന്ന സത്യം ബോദ്ധ്യമായി. പത്തോ പതിനഞ്ചോ കിലോ മീറ്ററുകൾക്കപ്പുറം പാക്കിസ്ഥാൻ ആണ് പക്ഷെ കുടുംബങ്ങൾക്ക് പരസ്പരം കാണണമെങ്കിൽ വിസ എടുത്തു ഡൽഹി വഴിയേ കാണാൻ അനുമതി ലഭിക്കൂ. സംഭാഷണം അങ്ങനെ പുരോഗമിക്കവേ ആപ്രിക്കോട്ട് ജ്യൂസ് കിട്ടുമോ എന്ന് ചോദിച്ച ഞങ്ങളോട് “തണുപ്പിച്ച ആപ്രിക്കോട്ട് ജ്യൂസ് തരാം” എന്ന് പറഞ്ഞു അദ്ദേഹം പുറത്തേക്കു ക്ഷണിച്ചു. ഗസ്റ്റ് ഹൗസ് നു പുറത്തു ഫ്രിഡ്ജ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ച ഞങ്ങൾക്കു മഞ്ഞുരുകി വരുന്ന വെള്ളത്തിൽ സൂക്ഷിച്ചിരുന്ന ആപ്രിക്കോട്ട് ജ്യൂസ് എടുത്തു തന്നു. ശുദ്ധമായ നീർച്ചാലുകൾ പല ഭാഗത്തേക്കായി വഴി തിരിച്ചു ആഴം കുറഞ്ഞ കനാലുകളാക്കി അവർ ഉപയോഗപ്പെടുത്തുന്നു. ജ്യൂസ് കുടിച്ചു ക്ഷീണം മാറ്റിയ ഞങ്ങളെ സുലൈമാൻ അദ്ദേഹത്തിന്റെ വീടിനോടു ചേർന്ന് കിടക്കുന്ന തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ക്യാരറ്റ്, ക്യാബേജ്, ഉള്ളി, തക്കാളി, ഗോതമ്പ് മുതൽ ആപ്പിളും പല നിറത്തിലുള്ള ചെറികളും ഒക്കെ ആ തോട്ടത്തിൽ ഉണ്ട്. അതേ പച്ചക്കറി ഉപയോഗിച്ചു പാചകം ചെയ്തു ആരോഗ്യത്തോടെ ജീവിക്കുന്നു. മാരകമായ കീടനാശിനി പ്രയോഗങ്ങൾ ഇല്ല, മാറാ രോഗങ്ങളുമില്ല.
 |
| White Cherry |
 |
| Through the wheat fields |
ഗംഭീരമായ ഉച്ച ഭക്ഷണത്തിനു ശേഷം തുർത്തുക്കിലെ കാഴ്ച്ചകൾ കാണാൻ ഞങ്ങൾ ഇറങ്ങി തിരിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തുർത്തുക്കിലെ പ്രധാന ആകർഷണങ്ങൾ ഒരു മൊണാസ്ട്രിയും, യാബ്ഗോ രാജവംശത്തിന്റെ അവസാന ശേഷിപ്പായ ഒരു മ്യൂസിയവും, ഒരു ജുമാ മസ്ജിദും ആണ്. അതി മനോഹരമായ ഒരു ജല പാതക്ക് ഇരു വശവുമായാണ് ഗ്രാമം തിരിക്കപ്പെട്ടിട്ടുള്ളത്. പ്രധാന കൃഷിയിടങ്ങൾ ഉയർന്നപ്രതലത്തിലും ഭൂരിപക്ഷ താമസ സ്ഥലങ്ങൾ താഴ്ന്ന പ്രദേശത്തിലും ആണ് സ്ഥിതി ചെയ്യുന്നത്. ഗസ്റ്റ് ഹൗസിൽ നിന്നും 2 കിലോമീറ്റർ അകലത്തിലാണ് മൊണാസ്റ്ററി എന്നത് കൊണ്ട് അവിടം ആദ്യം സന്ദർശിക്കാൻ തീരുമാനിച്ചു. ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രയിൽ വഴിക്കു ഇരു വശവുമായി ആപ്രിക്കോട്ട് മരങ്ങൾ ഞങ്ങളെ മാടി വിളിച്ചു കൊണ്ടിരുന്നു. ആപ്രിക്കോട്ട് പഴം പൊട്ടിച്ചു കഴിച്ചാൽ അവിടുത്തുക്കാർക്കു അത് ഇഷ്ടപ്പെടുമോ എന്ന ഒരു ആശങ്ക ആദ്യം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ പരുങ്ങൽ കണ്ടു ഒരു നാട്ടുകാരൻ തന്നെ പഴുത്ത പഴം പൊട്ടിച്ചു തന്നപ്പോൾ ആശ്വാസമായി. പിന്നെ ഒട്ടും മടിച്ചില്ല പഴുത്തു പാകമായ ആപ്രിക്കോട്ട് പൊട്ടിച്ചു, തണുത്ത നീർചാലുകളിൽ കഴുകി വൃത്തിയാക്കി ആവശ്യത്തിന് ശേഖരിച്ചു പോകുന്നവഴി മുഴുവൻ കഴിച്ചു കൊണ്ട് നടന്നു. ആപ്രിക്കോട്ട് തിന്നു മടുക്കാതിരിക്കാൻ വേണ്ടിയാവാം ഇടയ്ക്കിടെ വഴിയരുകിൽ പല തരം "ബെറി" പഴങ്ങളും പഴുത്തു നിന്നിരുന്നു. വിദഗ്ദമായി അതും ഞങ്ങൾ അകത്താക്കി മുന്നോട്ടു നടന്നു. മനോഹരമായ ഗോതമ്പു പാടങ്ങളും, ആപ്പിൾ മരങ്ങളും നിറഞ്ഞു നിന്ന വഴികൾ താണ്ടി ഞങ്ങൾ ഒരു എൽ.പി. സ്കൂളിന് സമീപം എത്തി ചേർന്നു. ആപ്പിൾ പോലെ ചുവന്നു തുടുത്ത കവിളുള്ള കുട്ടികൾ കണ്ണുകളിൽ ചെറിയ കുസൃതി ഒളിപ്പിച്ചു ചെറു പുഞ്ചിരിയോടെ ഇംഗ്ലീഷിൽ ചോദിച്ചു "ഹൌ ആർ യു?". ബാൾട്ടി ഭാഷ പ്രതീക്ഷിച്ച ഞങ്ങൾക്ക് തെറ്റി. കുറച്ചു നേരത്തെ വിശേഷം അറിയലിനു ശേഷം അവരുടെ കൂടെ വോളി ബോൾ കളിച്ചു യാത്രയും പറഞ്ഞു ഞങ്ങൾ നടപ്പു തുടർന്നു. ആരും അന്തേവാസികളായില്ലാത്ത ഒരു കുന്നിൻ മുകളിൽ തലയെടുപ്പോടെ നിൽക്കുന്ന കൊച്ചു മൊണാസ്റ്ററിയിൽ ഞങ്ങൾ എത്തി ചേർന്നു. ലേ യിലെ ഗംഭീര മൊണാസ്റ്ററികൾക്കു മുൻപിൽ ഇത് വെറും ഇത്തിരി കുഞ്ഞൻ. പക്ഷെ ആ കുഞ്ഞൻ മൊണാസ്ട്രിക്ക് സമീപം നിന്നാൽ മൊത്തം തുർത്തുക്കും അതിനു സമാന്തരമായി പാകിസ്താനിലേക്ക് ചെന്ന് ചേരുന്ന ഷയോക് നദിയും, മല നിരകളും ഒക്കെ ചേർന്നു പ്രകൃതി ഒരുക്കിയ മനോഹരമായ പെയിന്റിംഗ് ആസ്വദിക്കാം. പിറ്റേന്ന് കാലത്തു തന്നെ തിരിച്ചു യാത്ര തിരിക്കേണ്ടത് കൊണ്ട് ആ ഭംഗി ഒരു പാട് ആസ്വദിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ തിരിച്ചിറങ്ങി മ്യൂസിയം ലക്ഷ്യമാക്കി നടന്നു തുടങ്ങി.
 |
| View from the monastery |
 |
| School kids |
തുർത്തുക്കിന്റെ ഉയർന്ന പ്രദേശത്തു നിന്നും ഒരു പാലം കടന്നു വേണം മ്യൂസിയവും, ജുമാ മസ്ജിദും നില നിൽക്കുന്ന അക്കരെക്കു എത്തി ചേരാൻ. ആ പാലത്തിനു താഴെ ഇളം നീല നിറത്തിൽ വെള്ളാരം കല്ലുകളോട് കിന്നരിച്ചു ഒരു അരുവി പതഞ്ഞൊഴുകുന്നുണ്ട്. അത് പതിയെ താഴെ ഷയോക് നദിയിൽ ചെന്ന് ചേരും. അതി മനോഹരമായ ആ കാഴ്ച പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നല്ല, ഒരു ക്യാമറയിലും ആ കാഴ്ചയുടെ മുഴുവൻ സൗന്ദര്യം പകർത്തുക സാദ്ധ്യമല്ല. അരുവിയിലെ മഞ്ഞു വെള്ളത്തിലിറങ്ങി 30 സെക്കന്റ് നേരം നിന്നപ്പോഴേക്കും കാലു മരവിച്ചു പോയ അവസ്ഥ ആയിരുന്നു. ജീവനും കൊണ്ട് തിരിച്ചു കയറി. കരയിലെ ഉരുളൻ പാറക്കല്ലിൽ ഇരുന്നു കൊണ്ടുള്ള പ്രകൃതി ആസ്വാദനമാണ് ആരോഗ്യത്തിനു നല്ലതു എന്ന തിരിച്ചറിവിലേക്ക് എത്താൻ അധികം സമയം വേണ്ടി വന്നില്ല. അര മണിക്കൂറിനു ശേഷം അവിടെ നിന്നും കയറി അക്കരെയുടെ പ്രവേശന കവാടത്തിനു സമീപം കരിങ്കല്ലിന്റെ ഇരിപ്പിടത്തിൽ സൊറ പറഞ്ഞിരുന്ന കാരണവന്മാരുടെ ചങ്ങാതിക്കൂട്ടത്തെ പരിചയപ്പെട്ടു. കൂട്ടത്തിലെ മുതിർന്ന ആൾ 1971ൽ ഒരു രാത്രി കൊണ്ട് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കൂടു മാറിയതിന്റെ കഥ പറഞ്ഞു. ഉറങ്ങാൻ കിടന്നപ്പോൾ പാക്സിതാനിയും ഉറങ്ങി എഴുന്നേറ്റപ്പോൾ ഇന്ത്യനും ആയി മാറിയ കഥ! . കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നപ്പോഴേക്കും അവർ പല തരം ചെറി പഴങ്ങൾ കഴിക്കാൻ കൊണ്ടു വന്നു തന്നു. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ചെറിയെക്കാൾ ചെറുതാണ് ഇവിടെ വെള്ളയും, ചുവപ്പും നിറങ്ങളിൽ യഥേഷ്ടം കാണപ്പെടുന്ന ചെറി. "ആപ്പിൾ പഴുത്തിട്ടില്ല ഇല്ലെങ്കിൽ അത് പൊട്ടിച്ചു തരാമായിരുന്നു" തൊട്ടടുത്ത് നിൽക്കുന്ന ആപ്പിൾ ചെടി ചൂണ്ടി അവരിലൊരാൾ പറഞ്ഞു. തുർത്തുക്കുകാരുടെ ആതിഥേയ മര്യാദയുടെ ഒരു ചെറിയ രൂപമാണ് ഇത്. പത്തോ പതിനഞ്ചോ മിനുട്ടിൽ കൂടുതൽ ഞങ്ങൾ അവിടെ ചിലവഴിച്ചിട്ടില്ല, പക്ഷെ അപ്പോഴേക്കും അവർ അവരോടൊപ്പം ഇരിക്കാൻ പറയുകയും അവരിലൊരാളായി കണക്കാക്കുകയും ചെയ്യുന്നത് എത്ര നാടുകളിൽ നമുക്ക് ഇന്നത്തെ കാലത്തു കാണാൻ കഴിയും. മ്യൂസിയം കാണാനാണ് അടുത്ത പദ്ധതി എന്ന് പറഞ്ഞപ്പോൾ അവിടെ കൂട്ടുകാരൊത്തു കളിച്ചു കൊണ്ടിരുന്ന ഒരു പയ്യനെ ഞങ്ങൾക്ക് വഴി കട്ടി ആയി കൂടെ അയച്ചു. ആദ്യം മസ്ജിദ് കണ്ടു മ്യൂസിയം കാണുന്നതാവും സൗകര്യം എന്നും പറഞ്ഞു തന്നു. ഒരു പാട് വലുപ്പമില്ലാത്ത ഒതുക്കമുള്ള ഒരു പള്ളി. അവിടുത്തെ മരത്തിനും കൊത്തുപ്പണിക്കും ഒരു പാട് കാലങ്ങളുടെ കഥ പറയാൻ ഉണ്ടാവുമെന്ന് തോന്നി. ഒരു പക്ഷെ തുർത്തുക്കിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പള്ളിയായിരിക്കും. അകം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പള്ളി കണ്ടിറങ്ങിയ ഞങ്ങളെ കാത്തു പയ്യൻ പുറത്തു നില്ക്കുന്നുണ്ടായിരുന്നു. മ്യൂസിയത്തിൽ ഞങ്ങളെ കൊണ്ട് ചെന്നാക്കിയതിനു ശേഷം മാത്രമാണ് അവൻ യാത്ര പറഞ്ഞു പിരിഞ്ഞത്. മ്യൂസിയം എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്കു ഓടി വരുന്ന രൂപമായിരുന്നില്ല ഞങ്ങൾ കണ്ടത്. മ്യൂസിയം എന്നതിനേക്കാൾ പാരമ്പര്യം വിളിച്ചോതുന്ന ഒരു ചെറിയ വീടായിരുന്നു അത്. രാജ ഭരണം നില നിന്നിരു ന്നെങ്കിൽ ഇപ്പോഴത്തെ രാജാവ് ആകേണ്ട "യാബ്ഗോ മുഹമ്മദ് ഖാൻ കച്ചോ" രാജവംശത്തിന്റെ ചരിത്രം പറഞ്ഞു തന്നതിനൊപ്പം അതിന്റെ അടയാളങ്ങളായ ഉടയാടകളും, ആയുധങ്ങളും, നാണയങ്ങളും, ചിത്രങ്ങളും ഒക്കെ കാണിച്ചു തന്നു. ബാൾട്ടികളുടെ ചരിത്രം ഞങ്ങൾക്ക് ഒരു പുതിയ അറിവായിരുന്നു. നേരം ഇരുട്ടി തുടങ്ങിയപ്പോൾ "മുഹമ്മദ് ഖാൻ" സാഹിബിനു നന്ദി പറഞ്ഞു ഞങ്ങൾ തിരിച്ചു ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. യാത്ര ക്ഷീണം കൊണ്ടാണോ എന്നറിയില്ല അന്നത്തെ രാത്രി ഞങ്ങൾ മൂവരും സുഖമായി ഉറങ്ങി.
 |
| Beautiful view on the way to monastery |
 |
| Yabgo Dynasty Overview |
 |
| With Yabgo Moahmmed Khan Kacho |
 |
| Stream |
 |
| Apple tree |
പിറ്റേന്ന് കാലത്തു നേരത്തെ എഴുന്നേറ്റു അരുവിക്കരയിൽ പോയിരുന്നു. എന്തോ മനസ്സിൽ ഒരു വല്ലായ്ക. ഈ കൊച്ചു ഗ്രാമം വിട്ടു പോകാൻ തോന്നാത്ത ഒരു അവസ്ഥ. ഇതിനു മുൻപൊരിക്കലും ഞങ്ങൾ കണ്ടിട്ടില്ലാത്ത, വെറും മണിക്കൂറുകളുടെ മാത്രം പരിചയമുള്ള തുർത്തുക്കിനു എന്തോ കാന്തിക ശക്തി ഉള്ളത് പോലെ. "കുറച്ചധികം ദിവസം ഇവിടം തങ്ങുന്ന രീതിയിൽ പ്ലാൻ ചെയ്യാമായിരുന്നെടാ" അസീസിന്റെ ശബ്ദത്തിലും ഒരു വിഷമം ഉള്ളത് പോലെ. അപ്പോഴാണ് എന്റെ മാത്രം തോന്നലല്ല ഇതെന്നു ബോദ്ധ്യമായത്. ഗോതമ്പിന്റെ വലിയ കറ്റയും ഏറ്റി ഒരു കൂട്ടം സ്ത്രീകൾ പാലം കടന്നു അക്കരെക്കു പോവുന്നത് കണ്ടു. അത്രയും വലിയ ഭാരം എടുത്തു ഏറ്റി കൊണ്ട് പോവുമ്പോഴും പരസ്പരം ചിരിച്ചു സംസാരിച്ചു നടക്കുന്ന അവരുടെ സന്തോഷത്തിന്റെ രഹസ്യം എന്തായിരിക്കും എന്ന് മനസ്സിൽ ആലോചിച്ചപ്പോൾ അതിന്റെ മറുപടിയെന്നോണം അഫ്സൽ പറഞ്ഞു. "ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യം എന്തൊക്കെയാണോ അതെല്ലാം ഇവിടെ ഉണ്ട്. ശുദ്ധമായ ജലം, മായമില്ലാത്ത ഭക്ഷണം, ഏറ്റവും പ്രധാനമായ സന്തോഷം". ബാംഗ്ലൂരിലെ ഐ.ടി. മേഖലയിലെ പൊയ്മുഖങ്ങളും, കൃത്രിമ ചിരിയും, മത്സര ബുദ്ധിയും നിറഞ്ഞ കോർപ്പറേറ്റ് ലോകത്തിൽ നിന്നും തെളിഞ്ഞ മുഖവും, മനം നിറക്കുന്ന ചിരിയുമായി പരസ്പര സ്നേഹത്തിലും, സഹകരണത്തിലും ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ അരികിലേക്കുള്ള യാത്ര ഒരു വിസ്മയ ലോകത്തിൽ എത്തി ചേർന്ന പ്രതീതി ഉളവാക്കി. ആരോടും പരിഭവമില്ലാതെ ജീവിക്കുകയും അവിടം സന്ദർശിക്കുന്ന ആളുകളെ സ്നേഹത്തോടെ സ്വീകരിച്ചു ആ ഗ്രാമത്തിന്റെ കഥകൾ പറഞ്ഞു തരാൻ മത്സരിക്കുകയും ചെയ്യുന്ന ആളുകൾ നമ്മൾ മലയാളികൾക്ക് വികസനം എന്ന പേരിൽ കൈമോശം വന്ന പഴയ ഗ്രാമ നന്മയെ ഓർമിപ്പിച്ചു. ഇനി ജീവിതത്തിൽ ഒരിക്കൽ കൂടി ഈ ഗ്രാമത്തിലേക്ക് വരാനാകുമോ എന്നറിയില്ല. പക്ഷെ ആപ്പിൾ മരങ്ങളും, ആപ്രിക്കോട്ട് മരങ്ങളും കാട്ടു ചെടി പോലെ നിറഞ്ഞു നിൽക്കുന്ന, കണ്ടു മതി വരാത്ത കാഴ്ചകളുടെ ഒരു ലോകം സമ്മാനിച്ച "തുർത്തുക്ക്" മനസ്സിൽ എന്നും മായാതെ കിടക്കും. തീർച്ച!